ജനിതക ഘടനയിലെ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒരു വൈകല്യമാണ് ഡ്വാർഫിസം.
സാധാരണ ഒരു മനുഷ്യന്റെ ശരാശരി ഉയരം അഞ്ച് അടി ഒൻപത് ഇഞ്ചാണ്. എന്നാൽ ഡ്വാർഫിസം ബാധിച്ച ഒരാളുടെ ഉയരം നാല് അടിയോ അതിൽ കുറവോ ആയിരിക്കും.ഡ്വാർഫിസം പലതരമുണ്ട്. പ്രധാനമായും ഡിസ് പ്രൊപോഷണേറ്റ് ഡ്വാർഫിസം, പ്രൊപോഷണേറ്റ് ഡ്വാർഫിസം എന്നായി തരംതിരിച്ചിരിക്കുന്നു. അസ്ഥികളുടെ ശരിയായ വളർച്ച സംഭവിക്കാത്തതുമൂലമാണ് ഡിസ് പ്രൊപോഷണേറ്റ് ഡ്വാർഫിസം ഉണ്ടാകുന്നതു. ശരീരത്തിൻറെ ചില ഭാഗങ്ങൾ ചെറുതും മറ്റു ഭാഗങ്ങൾ വലുതുമായി കാണുമ്പോഴാണ് ഡിസ് പ്രൊപോഷണേറ്റ് ഡ്വാർഫിസം ഉണ്ടാകുന്നതു. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒരേ അളവിൽ ചെറുതായി കാണുന്നതാണ് പ്രൊപോഷണേറ്റ് ഡ്വാർഫിസമെന്ന് പറയുന്നത്.
ജനനസമയത്ത് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കാരണമാകാം ഇവ സംഭവിക്കുന്നത്. ജനിതക ഘടനയിലെ തകരാറുമൂലമാണ് ഇവ പ്രധാനമായും കാണപ്പെടുന്നതെങ്കിലും വളർച്ച ഹോർമോണുകളുടെ ഉൽപ്പാദന കുറവ് മൂലവും പോഷകാഹരകുറവു മൂലവും ഇവ സംഭവിക്കാം.
കുറുകിയ കൈകാലുകൾ, പരന്ന മൂക്കിൻെറ പാലം, ഉയർന്ന നെറ്റി, ശരീരത്തിനോട് ആനുപാതികമായി അല്ലാതെ വളർന്ന ശിരസ്സ്, എന്നിവയാണ് ഡിസ് പ്രൊപോഷണേറ്റ് ഡ്വാർഫിസമുള്ളവരുടെ ലക്ഷണങ്ങൾ. ഇവരുടെ ശരാശരി ഉയരം നാല് അടിയാണ്. ഇവരിൽ കേൾവിക്കുറവുണ്ടാകുവാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ മോട്ടോർസ്കിൽ ഡെവലപ്മെന്റ് പതുക്കെയാണ്, അതായത് നിൽക്കുവാനും നടക്കുവാനുമുള്ള കഴിവുകൾ മറ്റു കുട്ടികളേക്കാളും വളരെ വൈകിയാകും ഇവർ നേടിയെടുക്കുക.
പ്രോപോഷണേറ്റ് ഡ്വാർഫിസമുള്ള കുട്ടികളിൽ വളരെ വൈകിയാകും തുടങ്ങുക. ശരീരാവയവങ്ങളുടെ വളർച്ച ആനുപാതികമായി തന്നെയാകും. സർജറിയുലൂടെയും ഹോർമോൺ ചെയ്ഞ്ച് തെറാപ്പി, ലിംബ് ലെങ്തനിംഗ് തുടങ്ങിയ പ്രക്രിയയിലൂടെയും ഇവരുടെ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാം. പക്ഷേ നിർഭാഗ്യവശാൽ ഡ്വാർഫിസം പൂർണ്ണമായി മാറ്റിയെടുക്കാവുന്ന ഒന്നല്ല.
ഡ്വാർഫിസമെന്നത് ഒരിക്കലും ഒരു രോഗമല്ല. ഗർഭസ്ഥ ശിശുവിൽ ഉണ്ടാകുന്ന ഇരുന്നൂറിൽ പരം മാറ്റങ്ങൾ കാരണമാകാം ഡ്വാർഫിസം സംഭവിക്കുന്നത്. അതുപോലെ തന്നെ ഡ്വാർഫിസം ഒരിക്കലും മാനസിക വളർച്ചയെ ബാധിക്കില്ല. അത് ശാരീരികമായി മാത്രം ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.
ഉയരം കുറവാണ് എന്ന കാരണത്താൽ മാത്രം അവരെ കൊച്ചു കുട്ടികളെ പോലെ കരുതാതിരിക്കുക. സാധാരണ മനുഷ്യരുടേതുപോലെ അവരിലും ആരോഗ്യമുള്ള മനസ്സു തന്നെയാണ് എന്ന് മനസിലാക്കുക.
Commentaires